ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അസമിനു പുറമെ പശ്ചിമ ബംഗാളിലും പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഒരു സംഘമാളുകള്‍ രണ്ട് റെയില്‍വേ സറ്റേഷനുകള്‍ക്ക് തീവച്ചിരുന്നു. അഞ്ച് തീവണ്ടികളും പതിനഞ്ചോളം ബസ്സുകളും അഗ്നിക്കിരയാക്കി.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ബില്ലിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് വ്യാപക ആക്രമണം ഉണ്ടായത്.
എന്നാല്‍ നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത പിന്നീട് രംഗത്തു വന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.
അതേസമയം, പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭങ്ങള്‍ അവസാനിക്കില്ലെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് സമോജ്വല്‍ ഭട്ടാചാര്യ മുന്നറിയിപ്പു നല്‍കി. അസാമുകാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാണ് പ്രക്ഷോഭങ്ങളെന്നും സമോജ്വല്‍ ഭട്ടാചാര്യ പറഞ്ഞു. സാഹിത്യ സിനിമാ രംഗത്തുള്ളവരും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 18, ബുധനാഴ്ച ജോലി ചെയ്യാതെ സമരമിരിക്കുമെന്ന് അസമിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post