മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിനായ് ജീവത്യാഗം ചെയ്തത് 400-ധികം സൈനികര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

2015 മുതല്‍ 2017 വരെയുള്ള കണക്കാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിനായ് ജീവത്യാഗം ചെയ്തത് 400ലധികം സൈനികര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ ഭീകര, തീവ്രവാദി ആക്രമണങ്ങളിലും നാനൂറോളം സുരക്ഷാദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

2015 മുതല്‍ 2017 വരെയുള്ള കണക്കാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്. അതിര്‍ത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഉദ്യോഗസ്ഥരാണ് മരിച്ചവരിലേറെയും-167 പേര്‍. ഇവരിലേറെയും ഇന്ത്യ-പാക് അതിര്‍ത്തിയിലാണ് കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ മാവോവാദി ആക്രമണത്തിലും ജമ്മുകാശ്മീരിലുണ്ടായ ഭീകരാക്രമണത്തിലും 103 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെട്ടു.

ഇന്ത്യ-ഭൂട്ടാന്‍, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തികള്‍ കാക്കുന്ന സശസ്ത്ര സീമാബലിലെ 48 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 40 പേരും കൊല്ലപ്പെട്ടു. സിഐഎസ്എഫിലെ രണ്ടുപേരും ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തികാക്കുന്ന അസം റൈഫിള്‍സിലെ 35 അംഗങ്ങളും മരിച്ചു.

മരിച്ചവരുടെ കണക്ക്

സുരക്ഷസേന 2015 2016 2017

ബിഎസ്എഫ് 62 58 47

സിആര്‍പിഎഫ് 9 42 52

സശസ്ത്ര സീമാ ബല്‍ 16 15 17

ഐടിബിപി 15 10 15

അസം റൈഫിള്‍സ് 18 9 8

സിഐഎസ്എഫ് 0 1 1

Exit mobile version