ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഭരണഘടനയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ജീവന് ത്യജിച്ചും കോണ്‍ഗ്രസ് ഭരണഘടനയെ സംരക്ഷിക്കുമെന്ന് സോണിയ ഗാന്ധി കുട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കുമെന്ന കാര്യം മോഡിയും അമിത് ഷായും പരിഗണിക്കുന്നേയില്ല. രാജ്യത്തെ തകര്‍ക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി. പക്ഷെ ഞാനുറപ്പ് പറയുന്നു, നീതി നിഷേധിക്കപ്പെടുന്നവരുടെ ഒപ്പം കോണ്‍ഗ്രസ് നില്ക്കുക തന്നെ ചെയ്യും സോണിയ ഗാന്ധി പറഞ്ഞു.
തോന്നുമ്പോള്‍ ഭരണഘടനയുടെ അനുച്ഛേദവും സംസ്ഥാനത്തിന്റെ സ്റ്റാറ്റസും മാറ്റുകയാണവര്‍. തോന്നുമ്പോള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും ചെയ്യും. ഭരണഘടനയെ ഓരോ ദിവസവും അതിലംഘിച്ച ശേഷം ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കേണ്ട സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. അതിന് വേണ്ടി നമ്മള് പോരാടണം.
ചെറുകിട കച്ചവടക്കാരെ മോഡി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തകര്‍ത്തു. അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. എല്ലാവര്ക്കും എല്ലായിടത്തും വികസനം എന്നാണ് മോഡി സര്‍ക്കാര്‍ പറയുന്നത്. എവിടെയാണ് വികസനം. മൗനം പാലിച്ചാല്‍ രാജ്യം ഭിന്നിക്കുന്നത് കാണേണ്ടി വരുമെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post