ചെന്നൈ: ഓൺലൈൻ ലോട്ടറിയിൽ ഭ്രമം കയറിയ യുവാവ് ഇല്ലാതാക്കിയത് സ്വന്തം കുടുംബത്തെ. മൂന്നക്ക ഓൺലൈൻ ലോട്ടറിയാണ് ഇവിടെ വില്ലനായത്. ഭാര്യയേയും മൂന്ന് പിഞ്ചുമക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് സംഭവം. ഓൺലൈൻ ലോട്ടറിയിൽ ലക്ഷങ്ങൾ നഷ്ടമായതോടെ വീടു വിൽക്കേണ്ടി വന്നതിനു തൊട്ടുപിറകെയായിരുന്നു അരുൺ കുമാറെന്ന യുവാവിന്റെ ക്രൂരകൃത്യം.
വലിയ അധ്വാനമൊന്നുമില്ലാതെ പണമുണ്ടാക്കാമല്ലോ എന്ന ചിന്തയാണ് അത്രനാളും അധ്വാനിച്ച് തന്നെ പണമുണ്ടാക്കിയ യുവാവിനെ തകർത്ത് കളഞ്ഞത്. ഒറ്റനമ്പർ ലോട്ടറി അടക്കമുള്ള കുറുക്കുവഴികളിൽ ഭാഗ്യം തേടുന്നവർ തീർച്ചയായും ഈ കുടുംബം തകർന്ന വാർത്ത അറിയണം. ലക്ഷങ്ങളാണ് അരുൺ കുമാർ ഓൺലൈൻ ലോട്ടറിയിൽ മുടക്കിയത്. എന്നെങ്കിലും എല്ലാം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഓരോ തവണയും പണം മുടക്കിയിരുന്നത്. വില്ലുപുരം സീതേരിക്കരിയെന്ന ഗ്രാമത്തെ ഞെട്ടിച്ചുകൊണ്ടാണ് അതുവരെ അവർക്ക് അഭിമാനമായിരുന്ന അരുൺ കുമാർ കുടുംബത്തെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സ്വന്തം അധ്വാനം കൊണ്ടു ലക്ഷങ്ങൾ സമ്പാദിച്ച് വീടുണ്ടാക്കി നാട്ടുകാരുയെല്ലാം അമ്പരപ്പിച്ച വ്യക്തിയായിരുന്നു അരുൺ കുമാറെന്ന സ്വർണ്ണപ്പണിക്കാരൻ.
ഇടക്കാലത്ത് സ്വർണ്ണപ്പണി കുറഞ്ഞു. ഇതോടെ പണം കണ്ടെത്താനായി മറ്റ് വഴികൾ തേടിയപ്പോഴാണ് അരുൺ മൂന്നക്ക ഓൺലൈൻ ലോട്ടറിയിലെത്തിയത്. തുടക്കത്തിൽ ചെറിയ സംഖ്യകൾ കിട്ടിയതോടെ ആവേശമായി. എന്നാൽ പിന്നീട് എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. മുപ്പത്തിമൂന്ന് വയസിനുള്ളിൽ ഉണ്ടാക്കിയതെല്ലാം ലോട്ടറിയിൽ കൊണ്ടുപോയി തുലച്ചു. കടം വാങ്ങിയും പണം ലോട്ടറിയിലെ ഭാഗ്യപരീക്ഷണത്തിനായി ഇറക്കി. അവസാനം സ്വന്തം വീടു വിറ്റ് കടം വീട്ടേണ്ടി വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.
വീട് വിറ്റ് കുടുംബസമേതം വാടക വീട്ടിലേക്കു മാറിയതിനു പിന്നാലെയാണ് അരുൺ അംഗമായ സ്വർണ്ണപ്പണിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു വീഡിയോ ഇട്ടത്. വീഡിയോ കണ്ടു വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ പാഞ്ഞെത്തിയപ്പോഴേക്കും ആ കുടുംബം ഇല്ലാതായിരുന്നു. ഭാര്യ ശിവകാമി, മക്കളായ അഞ്ചുവയസുകാരി പ്രിയദർശിനി, മൂന്നുവയസുകാരി യുവശ്രീ, അഞ്ചുമാസം പ്രായമുള്ള ഭാരതി എന്നിവരെ ജ്യൂസിൽ സയനൈഡ് ചേർത്ത് നൽകിയാണ് അരുൺ കൊലപ്പെടുത്തിയത്. നാലുപേരും മരിച്ചെന്നുറപ്പാക്കിയതിനു ശേഷം അരുൺ സയനൈഡ് ചേർത്ത മദ്യം കഴിച്ചു സ്വന്തം ജീവനുമെടുത്തു. സംഭവം വലിയ വാർത്തയായതോടെ നിയമ വിരുദ്ധ ഓൺലൈൻ ലോട്ടറി നടത്തിപ്പിനെ കുറിച്ചു അന്വേഷിക്കാൻ തമിഴ്നാട് നിയമമന്ത്രി സിവി ഷൺമുഖം ഉത്തരവിടുകയും ചെയ്തു..