കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ
ബംഗാളില്‍ പ്രക്ഷോഭകര്‍ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന് തീയിട്ടു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകര്‍ മര്‍ദ്ദിച്ചു.
ഭേദഗതി ചെയ്ത പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ നിരവധി സംഘടനകള്‍ ബഹുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
ആയിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടമാണ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതിഷേധക്കാര്‍ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തില്‍ പ്രവേശിച്ച് പ്ലാറ്റ്ഫോം, കെട്ടിടങ്ങള്‍, റെയില്‍വേ ഓഫീസുകള്‍ എന്നിവയ്ക്ക് തീയിടുകയായിരുന്നുവെന്ന് മുതിര്‍ന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ സര്‍വീസുകള്‍ ഇവിടെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ജില്ലയിലെ നിരവധി ന്യൂനപക്ഷ സംഘടനകള്‍ ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷമുള്ള മുര്‍ഷിദാബാദ് ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലുള്ള പശ്ചിമ ബംഗാളിലെ ജില്ലയാണ്.