അത് അസമില്‍ നിന്നല്ല, ഝാര്‍ഖണ്ഡില്‍ നിന്നുള്ളതാണ്; പോലീസ് വെടിവെപ്പിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം

ഝാര്‍ഖണ്ഡിലെ ഖുണ്ഡി പോലീസ് നടത്തിയ മോക് ഡ്രില്ലിന്റെയാണ് ഈ ദൃശ്യം എന്നാണ് വ്യക്തമായത്.

ഗുവാഹത്തി: പൗരത്വഭേദഗതി ബില്ലിനെതിരെ അസാം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അസമിലെ പോലീസ് വെടിവെപ്പിന്റേത് എന്ന തലക്കെട്ടില്‍ ഇതിന് പിന്നാലെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും നിരവധി പേര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

അസാം വെടിവെപ്പ് ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് പ്രചരിച്ച ആ വീഡിയോയ്ക്ക് 15 സെക്കന്റാണ് ദൈര്‍ഘ്യം. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ തോക്ക് ചൂണ്ടുന്നതും രണ്ട് പേര്‍ വെടിയേറ്റെന്ന രീതിയില്‍ വീഴുന്നതും ദൃശ്യത്തില്‍ കാണാം. ഓടിയെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയില്‍ വ്യക്തം. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെപ്പിന്റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഇതൊക്കെയാണുള്ളത്.

എന്നാല്‍ ഈ വീഡിയോക്ക് പിന്നിലെ വസ്തുത ബൂംലൈവ് ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിക്കുകയാണ്.

അസമില്‍ നിന്നുള്ളത് അല്ല ആ വീഡിയോ. ഝാര്‍ഖണ്ഡില്‍ നിന്നുള്ള വീഡിയോ ആണ് എന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെ ഖുണ്ഡി പോലീസ് നടത്തിയ മോക് ഡ്രില്ലിന്റെയാണ് ഈ ദൃശ്യം എന്നാണ് വ്യക്തമായത്. സംഭവം മോക് ഡ്രില്ലാണെന്ന് മറ്റൊരു ആംഗിളിലുള്ള വീഡിയോയും വ്യക്തമാക്കുന്നു. 2017 നവംബര്‍ ഒന്നിന് ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നതായി പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്.

Exit mobile version