ന്യൂഡല്‍ഹി: പൗരത്വബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.
മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെ മാത്രം ബില്‍ ഉള്‍ക്കൊള്ളുമ്പോള്‍ മ്യാന്‍മറില്‍ നിന്നുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഭാവി എന്താകുമെന്ന് അറിയില്ല. മ്യാന്‍മറില്‍ അനുഭവിച്ച പീഡനം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനെങ്കിലും കഴിയുമോ എന്നും ഇവര്‍ ആരായുന്നു. കുട്ടികളെ കൊല്ലുന്നു, സഹോദരിമാരെ ബലാത്സംഗം ചെയ്യുന്നു. അങ്ങനെയൊരു നാട്ടിലേക്ക് മടങ്ങുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നാണ് ഇവര്‍ പറയുന്നത്.
ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി കാര്‍ഡ് മാത്രമാണ് ഇവര്‍ക്കുള്ളത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ജോലി കിട്ടുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പലതുമില്ല. എങ്കിലും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകുന്നുണ്ട്. ഇന്ത്യയാണ് രാജ്യമെന്നാണ് ഈ കുട്ടികള്‍ പഠിക്കുന്നത്. പൗരത്വ നിയമത്തിലൂടെ പുറത്താക്കിയാല്‍ ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവരായി അടുത്ത തലമുറയും മാറുമെന്ന് ഇവര്‍ ആശങ്കപ്പെടുകയാണ്. അതേസമയം, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിനെതിരെ സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലാണ് ഇവരുടെ ഏക പ്രതീക്ഷ.