ന്യൂഡൽഹി: പൗരത്വ നിയമത്തിലെ ഭേദഗതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വെച്ചതോടെ പ്രാബല്യത്തിൽ. ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. അതേസമയം, നിയമത്തിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുകയാണ്. സംഘർഷങ്ങളിലും പ്രതിഷേധങ്ങളിലും കുറവില്ലെന്നാണ് പുറത്തുവരുന്ന വിവരം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31വരെ അഭയാർത്ഥികളായെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവർക്ക് പൗരത്വം നൽകാനാണ് നിയമ ഭേദഗതി. ലോക്സഭ തിങ്കളാഴ്ച്ചയും രാജ്യസഭ ബുധനാഴ്ച്ചയും ബിൽ പാസാക്കിയതോടെയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. പിന്നീട് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാവുകയായിരുന്നു.
അതിനിടെ, പൗരത്വനിയമഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ത്രിപുരയിലെ സംയുക്ത സമരസമിതി പിൻവലിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരസമിതിയുടെ ആശങ്കകൾ പരിഹരിക്കുമെന്ന ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
അതേസമയം കർഫ്യു നിലനിൽക്കുന്ന ആസാമിലും മേഘാലയയിലും പ്രതിഷേധം അടങ്ങിയിട്ടില്ല. ഗുവാഹത്തിയിൽ പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ആസാമിൽ രണ്ടുദിവസത്തേക്കുകൂടി ഇന്റർനെറ്റ് വിച്ഛേദിച്ചു. ആസാമിലെ സംഘർഷം അയൽ സംസ്ഥാനമായ മേഘാലയയിലേക്കും വ്യാപിച്ചു. പോലീസ് വാഹനങ്ങൾ തകർത്തും കത്തിച്ചും കനത്ത സംഘർഷമാണ് അതിർത്തി മേഖലയിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനവും മെസേജിങും 48 മണിക്കൂർ നേരത്തേക്ക് റദ്ദ് ചെയ്തിരിക്കുകയാണ്. ഗുവാഹത്തിയിൽ ഈ മാസം 15 മുതൽ 17 വരെ നടക്കേണ്ടിയിരുന്ന ഇന്ത്യ ജപ്പാൻ ഉച്ചകോടി മാറ്റിവയ്ക്കുമോ എന്നതിൽ വിദേശകാര്യമന്ത്രാലയം തീരുമാനമെടുത്തിട്ടില്ല.
Discussion about this post