ന്യൂഡൽഹി: രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിൽ നടന്ന ചർച്ചയ്ക്കിടെ അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപിയേയയും കടന്നാക്രമിച്ച കപിൽ സിബലാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയെന്ന റിപ്പബ്ലിക്ക് രാജ്യത്തെ രണ്ട് ദിനോസറുകൾ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുതെന്ന് പറഞ്ഞാണ് രാജ്യസഭയിൽ കപിൽ സിബൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ബിൽ 105 വോട്ടിനെതിരെ 125 വോട്ടുകൾക്ക് വിജയിച്ചെങ്കിലും കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പ്രതിഷേധ സ്വരം എൻഡിഎയ്ക്ക് അവഗണിക്കാനാകുന്നത് ആയിരുന്നില്ല.
പൗരത്വ ഭേദഗതി ബില്ലിൽമേൽ നടന്ന ചർച്ചയ്ക്കിടെ പ്രസംഗത്തിൽ ഉടനീളം അമിത്ഷായെ കടന്നാക്രമിച്ച കപിൽ സിബൽ അംബേദ്കറിന്റെയും ഒപ്പം സവർക്കറുടെയും വാക്കുകൾ ഉദ്ധരിച്ചും ശ്രദ്ധേയമായ എതിർ സ്വരം ഉയർത്തി. രാജ്യത്തെ മുസ്ലിങ്ങൾ ഭയപ്പെടേണ്ടആവശ്യമില്ലെന്ന അമിത് ഷായുടെ വാക്കുകളോട് രാജ്യത്തെ ഒരു മുസൽമാനും നിങ്ങളെ ഭയപ്പെടുന്നില്ലെന്നും രാജ്യത്തിന്റെ ഭരണഘടനയെ ഭയപ്പെട്ടാണ് ജീവിക്കുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. ഘർവാപസി, മുത്തലാഖ്, ആർട്ടിക്കിൾ 370, ശേഷം എൻആർസി, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയവയെല്ലാം നിങ്ങളുടെ ഉദ്ദേശം വ്യക്തമാക്കുന്നതാണ്. ജനനം, രക്ഷിതാക്കളുടെ ജനനം, താമസം എന്നിവയാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി പറയുന്നത്. പൗരത്വം നൽകുന്നതിന് മതം ഒരു ഘടകമാക്കിയെടുക്കാൻ സാധിക്കില്ല. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് നിയമത്തിന്റെ നിറം നൽകുകയാണ് ഈ ബില്ലിലൂടെ ചെയ്യുന്നതെന്നും കപിൽ സിബൽ ആഞ്ഞടിച്ചു.
ദ്വിരാഷ്ട്ര സിദ്ധാന്തം സവർക്കറായിരുന്നു വിഭാവനം ചെയ്തത്. അത് കോൺഗ്രസിന്റെ സിദ്ധാന്തമായിരുന്നില്ല. കോൺഗ്രസ് നേതാവും ഭരണഘടനാശിൽപ്പിയുമായ അംബേദ്ക്കറിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അമിത് ഷായുടെ ഈ വാദത്തെ കപിൽ സിബൽ ഖണ്ഡിച്ചത്.
കൃത്യമായ വാക്കുകളിലൂടെ അമിത് ഷായെ എടുത്തു കുടഞ്ഞ കപിൽ സിബൽ തന്റെ പ്രസംഗം അവസാനിപ്പിച്ചതിങ്ങനെ: ‘കോടിക്കണക്കിന് ആളുകൾ നാളെ രാവിലെ പ്രതീക്ഷയുടെ കിരണം കാണുമെന്ന് നിങ്ങൾ പറയുന്നു. പക്ഷേ ഞാൻ പറയുന്നു ലക്ഷക്കണക്കിന് ആളുകൾക്ക് മുന്നിൽ ഈ രാത്രി അവസാനിക്കില്ല. ഈ ഇരുണ്ട രാത്രി ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാവില്ല. ഇന്ത്യയെന്ന റിപ്പബ്ലിക്ക് രാജ്യത്തെ രണ്ട് ദിനോസറുകൾ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുത്’. കപിൽ സിബലിന്റെ ശക്തമായ വാക്കുകളിലൂടെയുള്ള പ്രതിഷേധം സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.
Discussion about this post