ഗുവാഹാട്ടി: പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. അസമില്‍ പ്രക്ഷോഭം ആളിക്കത്തുകയാണ്.
ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്.
പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്ര മന്ത്രിയുടേയും രണ്ട് ബിജെപി നേതാക്കളുടേയും വീടുകള്‍ അഗ്നിക്കരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സംഘര്‍ഷം വ്യാപിച്ചു. തുടര്‍ന്നാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയത്. ബുധനാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്.
Discussion about this post