പൗരത്വ ബില്‍ ഭരണഘടനാ വിരുദ്ധം: പ്രതിഷേധം അറിയിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

മുംബൈ: പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അബ്ദുര്‍ റഹ്മാന്‍ ബുധനാഴ്ച രാജിവച്ചു.

‘പൗരത്വ (ഭേദഗതി) ബില്‍ 2019 മുസ്ലിം സമുദായത്തില്‍ പെട്ടവരോട് വിവേചനം കാണിക്കുന്നു. ബില്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധവും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധവുമാണ്… ഞാന്‍ ബില്ലിനെ അപലപിക്കുന്നു. നാളെ മുതല്‍ ഓഫീസില്‍ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവില്‍ സര്‍വീസ് ഉപേക്ഷിക്കുകയാണ് ‘- റഹ്മാന്‍ ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

”അസമിലെ എന്‍ആര്‍സിയുടെ ഫലം നമ്മള്‍ കണ്ടതാണ്. 19 ലക്ഷം പേരാണ് അസമില്‍ എന്‍ആര്‍സിക്ക് പുറത്തായത്. ദളിത്, പട്ടികവര്‍ഗക്കാര്‍, ഒബിസി വിഭാഗം, മുസ്ലിങ്ങള്‍ എന്നിവരാണ് പുറത്തായത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ക്കായി വലിയ അളവ് പണം ചെലവിടേണ്ടിവരുന്നു. പൗരത്വം തെളിയിക്കാനായില്ലെങ്കിലും മുസ്ലിം ഇതര വിഭാഗങ്ങള്‍ അഭയാര്‍ഥികള്‍ എന്ന നിലയ്ക്ക് പൗരത്വം സ്വന്തമാക്കാനുള്ള വഴിയാണ് തുറക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബില്ലിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Exit mobile version