പൗരത്വ രജിസ്റ്ററിൽ പേര് ചേർക്കില്ല; ജയിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാർ; അമിത് ഷായ്ക്ക് കത്തെഴുതി കാശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസ് ഉപേക്ഷിച്ച ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുൻ ഐഎഎസ് ഓഫീസർ. പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ സഹകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയാണ് മുൻ ഐഎഎസ് ഓഫീസറായ എസ് ശശികാന്ത് സെന്തിൽ പ്രതിഷേധം അറിയിച്ചത്. ആർട്ടിക്കിൾ 371 എ റദ്ദാക്കി കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ നൽകിയ പ്രത്യേക പരിഗണന എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച ഉദ്യോഗസ്ഥനാണ് എസ് ശശികാന്ത് സെന്തിൽ.

ഇദ്ദേഹമാണ് പൗരത്വ രജിസ്റ്റർ സംവിധാനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിൽ പേരു ചേർക്കാൻ ആവശ്യമായ രേഖകളൊന്നും നൽകാൻ തയ്യാറല്ല ആ അനുസരണക്കേടിന്റെ പേരിൽ ഇന്ത്യയിലെ സർക്കാർ അനുശാസിക്കുന്ന എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ വ്യക്തമാക്കി.

ഇനി രാജ്യം മുഴുവൻ നിർമ്മിക്കുന്ന തടങ്കൽ പാളയങ്ങളിലെവിടെയെങ്കിലും താൻ ഇന്ത്യൻ പൗരനല്ല എന്ന് മുദ്രകുത്തി സർക്കാർ അയക്കുകയാണെങ്കിൽ അതും താൻ സന്തോഷത്തോടെ സ്വീകരിക്കും. ലോക്സഭയിൽ പൗരത്വ ബിൽ പാസായ ദിവസത്തെ ആധുനിക ഇന്ത്യയിലെ കറുത്ത ദിനമെന്നാണ് അദ്ദേഹം വിളിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ തങ്ങളെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തു വരാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കർണ്ണാടകയിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കവേയാണ് ജമ്മു കശ്മീർ വിഷയത്തിൽ പ്രതിഷേധിച്ച് ശശികാന്ത് സെന്തിൽ രാജിവെച്ചത്.

Exit mobile version