ശ്രീഹരിക്കോട്ട; രാജ്യത്തിന് അഭിമാനമായി ഇന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി(പിഎസ്എൽവി)ന്റെ ചരിത്ര കുതിപ്പിന് മിനിറ്റുകൾ മാത്രം ബാക്കി. അമ്പതാമത്തെ വിക്ഷേപണത്തിനാണ് പിഎസ്എൽവി തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആർ1-നെയാണ് ഈ ദൗത്യത്തിൽ പിഎസ്എൽവി ലക്ഷ്യത്തിലെത്തിക്കുക. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) ചേർന്ന് വാണിജ്യാടിസ്ഥാനത്തിൽ യുഎസ്എ, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ ഉപഗ്രഹങ്ങളും റിസാറ്റ് 2 ബിആർ 1 ഉപഗ്രഹത്തിനൊപ്പം വിക്ഷേപിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് അൽപനേരം കഴിഞ്ഞ് 3.25ന് പിഎസ്എൽവി 48 വിക്ഷേപണം നടത്തുക. പിഎസ്എൽവിയുടെ പരിഷ്കരിച്ച പതിപ്പായ ക്യുഎൽ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 628 കിലോഗ്രാം ഭാരം വരുന്ന റഡാർ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആർ1. 37 ഡിഗ്രി ചെരിവിൽ 576 കിലോമീറ്റർ ഭ്രമണപഥത്തിൽ സ്ഥാപിക്കുമെന്നാണ് ഇസ്റോയുടെ പ്രസ്താവനയിൽ പറയുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (എസ്ഡിഎസ്സി) നിന്നുള്ള 75-ാമത്തെ വിക്ഷേപണ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ട്. റോക്കറ്റ് ഉയർന്ന് 16 മിനിറ്റിനുള്ളിൽ റിസാറ്റ് -2 ബിആർ 1 വിന്യസിക്കപ്പെടും. ഒരു മിനിറ്റിന് ശേഷം ഒൻപത് ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് പുറന്തള്ളപ്പെടും. ഉപഭോക്തൃ ഉപഗ്രഹങ്ങളിൽ അവസാനത്തേത് ഭ്രമണപഥത്തിലെത്തുമ്പോൾ ഏകദേശം 21 മിനിറ്റിനുള്ളിൽ വിക്ഷേപണ ദൗത്യം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ വിക്ഷേപണ വാഹനങ്ങളിലൊന്നാണ് പിഎസ്എൽവി. ഇതുവരെ വിക്ഷേപണം നടത്തിയ 49 ദൗത്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.
Discussion about this post