ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യൻ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബിൽ അവതരിപ്പി2ച്ചുകൊണ്ട് അമിത് ഷാ ചോദിച്ചു. ബിൽ മുസ്ലിങ്ങൾക്കെതിരെയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾ എപ്പോഴും ഇന്ത്യയിലെ പൗരന്മാർ തന്നെയായിരിക്കുമെന്നും അദ്ദേഹം ബിൽ അവതരണ ചർച്ചയിൽ വ്യക്തമാക്കി.
ലോകത്താകമാനമുള്ള മുസ്ലിങ്ങളെ നമുക്ക് ഇന്ത്യൻ പൗരന്മാരാക്കേണ്ടതുണ്ടോ? എല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകാനാവില്ല. അങ്ങനെയല്ല രാജ്യം മുന്നോട്ടുപോകേണ്ടത്. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ളതാണ് ഈ ബിൽ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. മിസോറാമിനെ ഈ ഭേദഗതി ബിൽ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അമിത് ഷാ ബിൽ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യസഭയിൽ ബില്ലിന്മേൽ ചർച്ചയാരംഭിച്ചു. ലോക്‌സഭയിൽ അനായാസം പാസായ ബിൽ രാജ്യസഭ കടക്കുമോ എന്ന കാര്യത്തിൽ ഇനിയും അനിശ്ചിതത്വം തുടരുകയാണ്.
240 അംഗ രാജ്യസഭയിൽ കുറഞ്ഞത് 121 വോട്ടാണ് ബിൽ പാസാക്കാൻ വേണ്ടത്. 130 വോട്ടോടെ ബിൽ പാസാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, യുപിഎയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂൽ കോൺഗ്രസ്, എസ്പി, ബിഎസ്പി, ടിആർഎസ്, സിപിഎം, സിപിഐ എന്നിവരടങ്ങുന്ന 46 പേരുടെ എതിർ വോട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകൾ. ഇതോടെ ബില്ലിനെ എതിർക്കുന്നവരുടെ എണ്ണം 110 ആവും. ശിവസേന വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നേക്കും.
എൻഡിഎ കക്ഷികളെ കൂടാതെ എഐഎഡിഎംകെ, ജെഡിയു, അകാലി ദൾ എന്നീ കക്ഷികളുടെ 116ഉം 14സ്വതന്ത്രരുമാണ് ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത. ഇവരിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, അണികളിൽ നിന്നുള്ള കടുത്ത എതിർപ്പിന്റെ പശ്ചാത്തലത്തിൽ ജെഡിയു, എഐഎഡിഎംകെ, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ എന്നിവർ എൻഡിഎയെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.