ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ത്രിപുരയിൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായും സർക്കാർ നിർത്തലാക്കി. എസ്എംഎസ് സേവനവും നിർത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂർ നേരത്തേക്കാണ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പൗരത്വഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത 11 മണിക്കൂർ ബന്ദിനിടെ വ്യാപക സംഘർഷമുണ്ടായിരുന്നു. ബില്ലിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അഗർത്തലയിൽ കേന്ദ്ര സർക്കാരിനെതിരെ വൻ പ്രതിഷേധം നടന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സംഘർഷങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ളത്കൊണ്ടുമാണ് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആസാമിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും ബന്ദും അക്രമങ്ങളുമുണ്ടായി. പ്രക്ഷോഭങ്ങൾക്കിടെ സിക്കിമിലെ ദലായ് ജില്ലയിൽ പ്രക്ഷോഭകർ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാർട്ടി നേതാവും ഫുട്ബോൾ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലിൽ പ്രതിഷേധമറിയിച്ചു.
Discussion about this post