ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനവുമായി പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്. രാജ്യം മേയ്ക്ക് ഇൻ ഇന്ത്യയിൽ നിന്ന് റേപ് ഇൻ ഇന്ത്യയിലേക്കാണ് നീങ്ങുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊന്ന ഉന്നാവിലെ പെൺകുട്ടിയെയും തെലങ്കാനയിലെ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന സംഭവത്തേയും ഉയർത്തി കാണിച്ചാണ് ബിജെപിക്കെതിരെ കോൺഗ്രസ് കടുത്ത വിമർശനം ഉയർത്തിയത്.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മേയ്ക് ഇൻ ഇന്ത്യ മുദ്രാവാക്യത്തെയും വിമർശിക്കുകയായിരുന്നു കോൺഗ്രസ്. രാജ്യത്ത് നടന്ന ക്രൂരമായ അതിക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിശബ്ദതയെ ലോക്സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി നിശിതമായി വിമർശിച്ചു. രാജ്യത്ത് ദിവസവും നൂറ് പീഡനങ്ങൾ നടക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം, നടപടിയെടുക്കാത്തതിൽ മോഡി സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
എല്ലാ വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്ന പ്രധാനമന്ത്രി നിർഭാഗ്യവശാൽ ഈ വിഷയത്തിൽ നിശബ്ദനാണ്. മേയ്ക്ക് ഇൻ ഇന്ത്യയിൽ നിന്ന് രാജ്യം പതിയെ റേപ് ഇൻ ഇന്ത്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ആദിർ രഞ്ജൻ ചൗധരി പറഞ്ഞു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2016ലെ കണക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം സർക്കാരിനെ ആക്രമിച്ചത്.
Discussion about this post