മുംബൈ: പൗരത്വ ഭേദഗതി ബില്‍ വിഷയത്തിലുള്ള നിലപാടില്‍ തകിടം മറിഞ്ഞ് ശിവസേന. പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന വ്യക്തമാക്കി. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനാല്‍ ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് സേനാ നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു.
ബില്ലിനെ കുറിച്ച് ലോക്‌സഭയില്‍ ശിവസേന ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിന് ഒന്നിനും മറുപടി ലഭിച്ചില്ല. പൗരത്വ ഭേദഗതി ബില്ലില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കില്ല- ഉദ്ധവ് താക്കറെ വ്യക്തമാക്കി.
ബില്ലിനെക്കുറിച്ച് ഒരാളുടെ ഉള്ളിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടെങ്കില്‍ അതിനു മറുപടി ലഭിക്കേണ്ടതുണ്ട്. രാജ്യത്തെ ഏതെങ്കിലും ഒരു പൗരനിലെങ്കിലും ഭീതി ഉയരുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ എല്ലാം ദേശദ്രോഹികള്‍ ആണെന്നു പറയുന്നത് ബിജെപിയുടെ ഒരു ഭ്രമത്തില്‍ നിന്നാണ്. അതു തിരുത്തേണ്ടതുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഉദ്ധവ് പറഞ്ഞു. ഇന്നലെ ലോക്‌സഭ പാസാക്കിയ പൗരത്വ ബില്ലിനെ പിന്തുണച്ച് ശിവസേന വോട്ട് ചെയ്തിരുന്നു.
Discussion about this post