ഭട്ടിന്‍ഖേഡ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തന്നെ തീകൊളുത്തി കൊന്ന സംഭവത്തില്‍ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഇതിന് വേണ്ട നിര്‍മാണസാമഗ്രികളും മറ്റും പോലീസടക്കമുള്ളവര്‍ സ്ഥലത്ത് കൊണ്ടുവന്ന് ഇറക്കി. ഇതറിഞ്ഞ കുടുംബം എത്തി നിര്‍മാണം തടഞ്ഞു. ആദ്യം നീതി തരൂ, എന്നിട്ട് മതി സ്മാരകമെന്ന് യുവതിയുടെ സഹോദരി പൊട്ടിത്തെറിച്ചു.
യുവതിയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്ന ഭട്ടിന്ഖേഡയിലെ സ്മാരകത്തില്‍ തന്നെയാണ് കട്ടകളും കോണ്‍ക്രീറ്റും ചെയ്ത് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജനരോഷം തണുപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ സ്മാരകം പണിയാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതേക്കുറിച്ച് യുവതിയുടെ വീട്ടുകാര്‍ക്ക് ഒരു അറിവുമുണ്ടായിരുന്നില്ല. ജില്ലാ ഭരണകൂടമോ പോലീസോ ഇത് കുടുംബത്തെ അറിയിച്ചിരുന്നുമില്ല. ഇഷ്ടികയും മണ്ണുമിറക്കി നിര്‍മാണം നടത്താന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ യുവതിയുടെ വീട്ടില്‍ വിവരമറിയിച്ചു. യുവതിയുടെ സഹോദരിയുടെ നേതൃത്വത്തില്‍ ശ്മശാനത്തിലേക്ക് ഒരു വലിയ സംഘം നാട്ടുകാര്‍ ഇരമ്പിയെത്തി. നിര്‍മാണം തടഞ്ഞു.
ഞങ്ങളുടെ വീട്ടില്‍ ചടങ്ങുകള്‍ നടക്കുകയാണ്. എട്ട് ദിവസത്തെ മരണാനന്തരച്ചടങ്ങുകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. അതിനിടയില്‍ ധൃതി പിടിച്ച് ആര്‍ക്ക് വേണ്ടിയാണ് ഈ സ്മാരകനിര്‍മാണം? ഇതെന്തിനാണ് ഈ മണ്ണും കട്ടയും ഇവിടെ കൊണ്ടുവന്ന് ഇറക്കിയിരിക്കുന്നത്? യുപവതിയുടെ സഹോദരി ചോദിക്കുന്നു.
ഇത്രയും കാലം ഞങ്ങള്‍ നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളുടെ കൂടെ നിന്നില്ല. ഇന്ന് എന്റെ സഹോദരി ജീവിച്ചിരിപ്പില്ല. ഒരു കാര്യം ഉറപ്പിച്ച് പറയാം, ഇവിടെ ഈ സ്മാരകം നിര്‍മിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
Discussion about this post