ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് മേലുദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട സിആര്‍പിഎഫ് ജവാനാണ് വെടിവെയ്പ്പ് നടത്തിയത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
സിആര്‍പിഎഫിലെ 226 ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് തന്റെ മേലുദ്യോഗസ്ഥരെ വെടിവെച്ചുകൊന്നത്. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അതെസമയം സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊല്ലുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ റാഞ്ചിയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു.
ചത്തീസ്ഗഢ് സായുധ സേനയിലെ കോണ്‍സ്റ്റബിള്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഐറ്റിഡിപിയിലെ കോണ്‍സ്റ്റബിള്‍ ചത്തീസ്ഗഢില്‍ നടത്തിയ വെടിവെപ്പില് അഞ്ച് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post