പൗരത്വ ഭേദഗതി ബിൽ: അമിത് ഷായ്ക്ക് ഉപരോധം ഏർപ്പെടുത്താൻ നടപടി എടുക്കുമെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ

ന്യൂഡൽഹി: ഇന്ത്യയിലെ പൗരന്മാരെ വിഘടിപ്പിക്കാൻ മാത്രം ഉപകരിക്കുന്ന ദേശീയ പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തിയേക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡറൽ കമ്മീഷൻ (യുഎസ്‌സിഐആർഎഫ്) അറിയിച്ചു. പൗരത്വ ഭേദഗതി ബിൽ തെറ്റായ ദിശയും അപകടകരമായ പ്രവണതയുമാണെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ പറഞ്ഞു.

മതം അടിസ്ഥാനമാക്കിയുള്ള ബിൽ ലോക്സഭയിൽ പാസാക്കിയതിൽ വളരെയധികം ആശങ്കയുണ്ടെന്ന് യുഎസ്‌സിഐ.ആർഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിംങ്ങളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറൽ കമ്മീഷൻ ആരോപിച്ചു. ഇത് തെറ്റായ ദിശയിലുള്ള അപകടരമായ പ്രവണതയാണ്. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നിൽ സമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ്.

കഴിഞ്ഞദിവസം ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് പൗരത്വ ബില്ലിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ശക്തമായ എതിർപ്പ് ഉയർത്തിയത്. അമിത് ഷാ അവതരിപ്പിച്ച ബിൽ 80നെതിരേ 311 വോട്ടുകൾക്കാണ് സഭ പാസാക്കിയത്. ഇതിന് പിന്നാലെയാണ് യുഎസ് ഫെഡറൽ കമ്മീഷന്റെ പ്രതികരണം.

മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാരോപിച്ച് ബിൽ അവതരണത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ബിൽ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും. അസം മാതൃകയിൽ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുമെന്നും ഇതിനിടെ അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം, ഈ പൗരത്വ ബിൽ ഭേദഗതിയിലൂടെ ദശലക്ഷണക്കിന് മുസ്ലിംങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ ഇന്ത്യൻ സർക്കാർ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങൾക്കുണ്ടെന്നും യുഎസ്‌സിഐആർഎഫ് പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version