ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. അതിനിടെ പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞാണ് അസദുദ്ദീന്‍ ഒവൈസി ലോകസഭയില്‍ പ്രതിഷേധം അറിയിച്ചത്.
പൗരത്വ ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ബില്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നും മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് ബില്ലിന് പിന്നിലെന്നും ഒവൈസി കുറ്റപ്പെടുത്തി.
ദക്ഷിണാഫ്രിക്ക വിവേചനപരമായ നിയമം പാസ്സാക്കിയപ്പോള്‍ അത് കീറി എറിഞ്ഞ മഹാത്മാ ഗാന്ധിയുടെ നടപടി എടുത്തുപറഞ്ഞാണ് ഒവൈസി, പൗരത്വ ബില്‍ ലോക്‌സഭയില്‍ കീറി പ്രതിഷേധിച്ചത്.
‘ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍ വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്ലിം വിഭാഗക്കാര്‍ക്കെതിരായ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി’ – ഒവൈസി കുറ്റപ്പെടുത്തി.
അതിനിടെ, ഒവൈസിയുടെ നടപടി പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എംപിമാര്‍ ആരോപിച്ചു.
Discussion about this post