വിജയവാഡ: സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങാന്‍ ക്യൂവില്‍ നിന്ന വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ ജയ്തൂ ബസാറിലാണ് സംഭവം. സാംബയ്യ എന്ന വയോധികനാണു മരിച്ചത്.
കൃഷ്ണ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ജയ്തൂ ബസാറില്‍ കിലോഗ്രാമിന് 25 രൂപയ്ക്കു ഉള്ളി വില്‍ക്കുന്നുണ്ടെന്നറിഞ്ഞ് വാങ്ങാനെത്തിയതായിരുന്നു സാംബയ്യ. ഏറെ നേരം ക്യൂവില്‍ നിന്ന സാംബയ്യ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉള്ളിയ്ക്ക് കിലോയ്ക്ക് 180 രൂപയായിരിക്കുമ്പോള്‍ ജയ്തൂ ബസാറില്‍ സബ്‌സിഡി നിരക്കിലാണ് സര്‍ക്കാര്‍ ഉള്ളി എത്തിച്ചിരുന്നത്. കിലോയ്ക്ക് 25 രൂപയാണു ബസാറിലെ നിരക്ക്. ആധാര്‍ കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഒരു കിലോ ഉള്ളി സബ്‌സിഡി നിരക്കില്‍ ലഭിക്കും.
പലരും ഉള്ളി വാങ്ങാന്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ക്യൂ നില്‍ക്കുന്നവരാണ്. മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഇതേതുടര്‍ന്ന് പോലീസ് സംരക്ഷണത്തിലാണ് ഉള്ളി വില്‍പ്പന നടത്തിയത്.
Discussion about this post