ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് കാരണം വിവാഹ ഉടമ്പടിയെ ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വർഷം ജനുവരി 15 ന് വിവാഹിതരായിരുന്നുവെന്നും പോലീസ് പറയുന്നു. ഈ വിവാഹത്തെ ശിവത്തിന്റെ കുടുംബം എതിർത്തിരുന്നെങ്കിലും ഇരുവരും ഇതുവകവെയ്ക്കാതെയാണ് വിവാഹിതരായതെന്നും പോലീസ് പറയുന്നു.
പിന്നീട് വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേർപെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പോലീസ് ഭാഷ്യം. ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ശിവം ത്രിവേദി കഴിഞ്ഞ ജനുവരി 15 നാണ് പിന്നോക്ക വിഭാഗമായ ലോഹാർ വിഭാഗത്തിൽ പെട്ട യുവതിയെ വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതിൽ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന പരാതിയുമായി പോലീസിനേയും കോടതിയേയും സമീപിച്ചതോടെ കൊല്ലാൻ ഉറപ്പിച്ചു. ആദ്യം യുവതിയുടെ വീട്ടിൽ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്മാറാൻ തയ്യാറാകാതിരുന്ന യുവതി കോടതിയിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തുകയായിരുന്നു. ശിവം ത്രിവേദി, അച്ഛൻ ഹരിശങ്കർ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോർ, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
ഇക്കാര്യങ്ങൾ യുവതി തന്നെയാണ് പോലീസിനോട് പറഞ്ഞതെന്നാണ് വിവരം. അതേസമയം പ്രതികൾ നൽകുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞതായി സഹോദരനും വെളിപ്പെടുത്തിയിരുന്നു. യുവതി കൊല്ലപ്പെട്ടതോടെ സംഭവത്തിൽ ആറ് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത പ്രതികൾ തീയിട്ട് കൊലപ്പെടുത്തിയ സമയത്ത് ഈ പ്രദേശത്തിന്റെ ചുമതലയിലുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവരെല്ലാം. പ്രതികളുടെ ഭീഷണിയുണ്ടെന്ന് പരാതി നൽകിയിട്ടും പോലീസ് സംരക്ഷണം നൽകിയില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതേസമയം പോലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
Discussion about this post