ബംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളിലേയും വോട്ടർമാരുടെ ജനഹിതം അംഗീകരിക്കുന്നുവെന്നും ജനങ്ങൾ കൂറുമാറ്റക്കാരെ സ്വീകരിച്ചെന്നും ശിവകുമാർ പറഞ്ഞു. 15 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും ബിജെപി വ്യക്തമായ ലീഡ് നേടിയതിന് പിന്നാലെയാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.
ഞങ്ങൾ തോൽവി അംഗീകരിക്കുന്നു. അതേ സമയം തോൽവിയിൽ തങ്ങൾ നിരാശരാകില്ലെന്നും ശിവകുമാർ പറഞ്ഞു. വോട്ടെണ്ണൽ പുരോഗമിച്ച് കൊണ്ടിരിക്കെ 15-ൽ 12 സീറ്റുകളിലും ബിജെപി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രണ്ട് സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
ഹൊസകോട്ടയിൽ ബിജെപി വിമതനായ സ്വതന്ത്രസ്ഥാനാർത്ഥി ശരത്കുമാർ ബച്ചെഗൗഡയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ കോൺഗ്രസ് വിമതനായ എംടിബി നാഗരാജിന് ബിജെപി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ശരത് കുമാർ ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. ശിവാജി നഗറിലും ഹുനസരുവിലും മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 15 മണ്ഡലങ്ങളിൽ 11 സീറ്റും കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്.