ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തീ കൊളുത്തി കൊന്ന 23 കാരിയെ പ്രതികള്‍ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛന്. അതേസമയം പോലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കള്‍ പ്രതികരിച്ചു.
പ്രതികളായ ശിവം ത്രിവേദി, അച്ഛന് ഹരിശങ്കര്‍ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോര്‍, ഉമേഷ് എന്നിവര്‍ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛന് പറഞ്ഞു. ഇതെല്ലാം പോലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ലെന്നും പിതാവ് വ്യക്തമാക്കി.
എന്നാല്‍ പ്രതികളുടെ കുടുംബം ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്. അതേസമയം സംഭവത്തില്‍ ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഭാടിന്‍ ഖേഡായ്ക്ക് അടുത്തുള്ള ബീഹാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയുടെ നേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.
Discussion about this post