ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനാജ് മണ്ഡിയിലെ റാണി ഝാന്‍സി റോഡിലെ കെട്ടിടത്തിലാണ് ഇന്ന് വീണ്ടും തീപിടത്തമുണ്ടായിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്.
സ്കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ 43 പേര് മരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. തീ സമീപത്തുള്ള വീടുകളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു.
ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരായിരുന്നു ഇവര്‍. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു. 14 നും 20നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും.
കെട്ടിടം ഉടമയ്ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായത്.നിയമ ലംഘനങ്ങളാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് അഗ്നിരക്ഷാ സേനാ വൃത്തങ്ങളും പറഞ്ഞിരുന്നു.
Discussion about this post