കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ മുന്നേറ്റം; 15 സീറ്റില്‍ 9 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു; അടിതെറ്റി കോണ്‍ഗ്രസ്

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ ആദ്യസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 9 ഇടത്ത് ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 3 സീറ്റിലും ജനതാദള്‍ 2 സീറ്റിലും സ്വതന്ത്രന്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും പുറത്തുവന്ന് ബിജെപിയില്‍ ചേര്‍ന്ന വിമതരില്‍ 13 പേര്‍ മത്സര രംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ട് കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. ഇവിടങ്ങളിലാണ് ഇപ്പോള്‍ വന്‍ മുന്നേറ്റം ബിജെപി കാഴ്ചവച്ചിരിക്കുന്നത്.

ആറു സീറ്റെങ്കിലും നേടിയാലേ ബിജെപിക്ക് ഭരണത്തുടര്‍ച്ച സാധ്യമാകൂ.ഉപതെരഞ്ഞെടുപ്പില്‍ 12 സീറ്റുവരെ ബിജെപി നേടുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഇത് ബിജെപിക്ക് പ്രതീക്ഷ കൂട്ടുന്നുണ്ട്.

അതെസമയം 66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബാംഗ്ലൂര്‍ നഗര മേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദ്യൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോ എന്ന് ഇനി അല്‍പസമയത്തിനുള്ളില്‍ അറിയാം.

Exit mobile version