ലഖ്നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായി തീകൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷയും സഹോദരിക്ക് ജോലി നല്‍കുമെന്നും ലഖ്നൗ കമ്മീഷണര്‍ മുകേഷ് മെഷ്റാം ഉറപ്പു നല്കി.
ധനസഹായമായി 25 ലക്ഷം രൂപ നല്‍കുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
യുവതിയുടെ സഹോദരന് ആവശ്യപ്പെട്ടത് അനുസരിച്ച് നിയമവും നടപടിക്രമവും പരിശോധിച്ച് സ്വയരക്ഷയ്ക്ക് തോക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം സംസ്കരിച്ചത്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് വീട്ടില്‍ സന്ദര്‍ശനം നടത്തിയാല്‍ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളു എന്ന കടുത്ത നിലപാടിലായിരുന്നു കുടുംബം.
എന്നാല്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. രണ്ട് മണിക്കൂറോളമാണ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കളുമായി ചര്‍ച്ച നടത്തിയത്.
പിഎംഎവൈ പദ്ധതിയില്‍ കുടുംബത്തിന് രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.