ഉന്നാവ്: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ തീ കൊളുത്തി കൊന്ന 23 കാരിയുടെ മൃതദേഹം സംസ്‌കരിച്ചു. ഉച്ചയ്ക്ക് 12.30-ഓടെ ഭാട്ടന്‍ ഖേഡായിലെ വീട്ടിലാണ് സംസ്‌കരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തെങ്കിലും പിന്നീട് പോലീസും ജില്ലാ ഭരണകൂടവുമെത്തി അവരെ അനുനയിപ്പിച്ചു. കുടുംബത്തിന് സുരക്ഷ നല്‍കുമെന്നും വേഗത്തില്‍ വിചാരണ നടക്കുമെന്നും ഉറപ്പ് നല്‍കിയ ശേഷമായിരുന്നു സംസ്‌കര ചടങ്ങുകള്‍.
കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയുടെ നേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.
സംഭവത്തില്‍ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യോഗി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് രാജ്യമാകെ ഉയര്‍ന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.
Discussion about this post