ന്യൂഡല്‍ഹി: ബിജെപി ഭരണത്തിന് കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. യശസുള്ള രാജ്യമായി ഇന്ത്യയെ രാഹുല്‍ കാണുന്നില്ലെന്നും, രാഹുലിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മനോജ് തിവാരി പറഞ്ഞു.
അനവസരത്തിലുള്ള രാഹുലിന്റെ ഇത്തരം പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യ, ബിജെപി ഭരണത്തിനു കീഴില്‍ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും നമ്മള്‍ ഓരോ പുതിയ ബലാത്സംഗ, പീഡന കഥകള്‍ കേള്‍ക്കുന്നു. മുമ്പ് ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ അത് ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ നമ്മോടു ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വന്തം പെണ്മക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല? – രാഹുല്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണെന്നും,ബിജെപിയുടെ ഒരു എംഎല്‍എ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
നിയമ ലംഘനങ്ങള്‍ വര്‍ധിക്കുന്നത് രാഷ്ട്രം എന്ന സംവിധാനത്തെ ഇല്ലാതാക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരിക്കുന്ന ആള്‍ തന്നെ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. മോഡി എപ്പോഴും മതമാണ് പറയുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
Discussion about this post