ബംഗളൂരു: അച്ഛന്‍ അയച്ചതാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയെ സധൈര്യം നേരിട്ട് പന്ത്രണ്ടുകാരി. ബംഗളൂരിലെ ചാമരാജ്പേട്ട് മൈസൂര്‍ സര്‍ക്കിളിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.
ധൈര്യം കൈവിടാതെ പീഡനശ്രമത്തെ ചെറുത്ത് പെണ്‍കുട്ടി അക്രമിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന് പോകവേയാണ് ആക്രമണം നടന്നത്. എംഎന്‍ ലെയ്നിലെ ശിവാലയ ലോഡ്ജിന് സമീപം എത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കുട്ടിയുടെ അടുത്തുവന്നു. തന്നെ അച്ഛന്‍ പറഞ്ഞയച്ചതാണെന്നും കൂട്ടിക്കൊണ്ട് പോകാനാണ് വന്നതെന്നും ഇയാള്‍ കുട്ടിയോട് പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ എത്ര ശ്രമിച്ചിട്ടും പെണ്‍കുട്ടി ഓട്ടോയില്‍ കയറാന്‍ കൂട്ടാക്കിയില്ല.
ഇതോടെ ഇയാള്‍ ബലം പ്രയോഗിച്ച് കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ഥലത്ത് കള്ളന്മാരുണ്ടെന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിത്തരാനും ആവശ്യപ്പെട്ടു. കുട്ടി ഇത് അനുസരിച്ചു. എന്നാല്‍, വസ്ത്രം ഊരിമാറ്റാന്‍ ശ്രമിച്ചതോടെ ഇയാളെ തള്ളിമാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടുന്നതിനിടെ വഴിയില്‍ വച്ച് പോലീസിനെ കാണുകയും നടന്ന സംഭവങ്ങള്‍ വിവരിക്കുകയും ചെയ്തു. ഉടന്‍ പോലീസ് കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കുകയും അച്ഛനെ വിവരം അറിയിക്കുകയും ചെയ്തു.
35- 40 വയസ് തോന്നിക്കുന്ന ആളാണ് കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് എടുത്തിട്ടില്ല. പരാതിയില്‍ പീഡന ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കവര്‍ച്ചയ്ക്കുമാണ് കേസെടുത്തത്.
Discussion about this post