ലഖ്‌നൗ: ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന കേസില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യവുമയി രംഗത്ത് എത്തിയിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.
‘എന്റെ സഹോദരി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണം എന്ന് മാത്രമാണ്,’ കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ പറഞ്ഞു.
‘എന്റെ സഹോദരി ഇല്ലാതായത് പോലെ തന്നെ കുറ്റക്കാരായവരും ഇല്ലാതാകണം. അതാണ് യോഗി സര്‍ക്കാരിനോടും മോഡി സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്‌നമില്ല. മരിക്കുന്നതിന് മുന്‍പ് എന്റെ സഹോദരിയുടെ ആവശ്യവും പ്രതികളെ തൂക്കിലേറ്റണം എന്നതായിരുന്നു,’ അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി.
അതേസമയം, പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുവതിയുടെ അച്ഛന്‍ ഉന്നയിച്ചത്. ‘കുറ്റക്കാരെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നാണ് ഞങ്ങളുടെ ആവശ്യം. കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകരുത്. പോലീസ് ഞങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കിയില്ല. സഹായിച്ചിരുന്നുവെങ്കില്‍ എന്റെ മകള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു,’ എന്ന് യുവതിയുടെ അച്ഛന്‍ പ്രതികരിച്ചു.