ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസ് നടപടി ശരിയോ തെറ്റോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
എന്നാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പരിപാലിക്കുക എന്നത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരും പോലീസിന്റെ വെടിവച്ചു കൊന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൈബരാബാദ് പോലീസ് വ്യക്തമാക്കിയത്.
നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.
Discussion about this post