ഹൈദരാബാദ്: തെലുങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. പോലീസിന്റെ ഇത്തരം നടപടികള്‍ രാജ്യത്തെയും പൗരന്മാരെയും അപകടത്തിലാക്കുമെന്നാണ് ഇറോം ശര്‍മിള പറഞ്ഞത്.
പോലീസ് ചെയ്യുന്ന ഇത്തരം കൊലപാതകങ്ങള്‍ക്ക് കൈയടിക്കുന്നവര്‍ അന്ധത ബാധിച്ചവരാണെന്നും ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ടനുഭവിച്ചതാണെന്നും ഇറോം ശര്‍മിള പറഞ്ഞു. പോലീസിന് നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ ഇറോം ശര്‍മിള ആരാണ് പോലീസിന് വെടിവെക്കാന്‍ അധികാരം നല്‍കിയതെന്നും ചോദിച്ചു. അതേസമയം അനീതിക്ക് എതിരായ പോരാട്ടത്തില്‍ നിന്ന് താന്‍ വ്യതിചലിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ഹൈദരാബാദില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുയാണ്. പോലീസ് തന്നെ വിധി തീരുമാനിച്ചു വധശിക്ഷ നടപ്പാക്കുന്നത് അനുവദിച്ചാല്‍ രാജ്യത്ത് നിയമവാഴ്ച തകരുമെന്ന പരാതിയുമായി ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
Discussion about this post