ബംഗളൂരു: രാജ്യത്തൊട്ടാകെ സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബംഗളൂരു പോലീസിന്റെ സ്ത്രീസുരക്ഷാ മൊബൈല്‍ ആപ്പ് ജനപ്രിയമാകുന്നു. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം ബംഗളൂരു സിറ്റി പോലീസിന്റെ (ബിസിപി) ‘സുരക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.
മൂന്നു ദിവസത്തിനുള്ളില്‍ 40,000 സ്ത്രീകളാണ് മൊബൈല്‍ ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 2017-ലാണ് ആപ്പ് പുറത്തിറക്കിയതെങ്കിലും കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. എന്നാല്‍, സ്ത്രീസുരക്ഷ ചര്‍ച്ചയായപ്പോള്‍ പലരും ആപ്പിനെ തേടിയെത്തി. കൂടാതെ പോലീസിന്റെ ബോധവത്കരണവും ഇതിന് സഹായകമായി.
എന്നാല്‍ ഇന്ന് സുരക്ഷയ്ക്കായി നിരവധി സംവിധാനമുണ്ടെങ്കിലും സുരക്ഷ ആപ്പ് ഇതില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ഒറ്റ ക്ലിക്കില്‍ പോലീസിന്റെ കണ്‍ട്രോള്‍റൂമില്‍ വിവരമെത്തിക്കാന്‍ കഴിയുന്നതാണ് ആപ്പിന്റെ പ്രത്യേകത.
ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്ലേ സ്റ്റോറില്‍നിന്ന് സുരക്ഷ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് തുറക്കുമ്പോള്‍ കാണുന്ന ചുവന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സഹായത്തിന് പോലീസെത്തും. ജിപിഎസ് സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ രണ്ടു ഫോണ്‍നമ്പറുകളും ഇതില്‍ ചേര്‍ക്കാം. പോലീസിനൊപ്പം ഇവര്‍ക്കും സന്ദേശമെത്തും.
ആപ്പില്‍ വിരലമര്‍ത്തിയാല്‍ ഒമ്പതു മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തും. നിലവില്‍ ഒന്നരലക്ഷത്തോളം പേരാണ് ഫോണുകളില്‍ സുരക്ഷ ആപ്പ് ഉപയോഗിക്കുന്നതെന്ന് ബംഗളൂരു പോലീസ് പറയുന്നു.
270 ഹൊയ്‌സാല പോലീസ് പട്രോളിങ് വാഹനമാണ് ബെംഗളൂരു പോലീസിനു കീഴിലുള്ളത്. 1200 ഇരുചക്രവാഹനങ്ങളുമുണ്ട്.
Discussion about this post