ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്.
രാജ്യത്തു സ്ത്രീകള്‍ക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നും മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ബലാത്സംഗത്തിനു ഇരയായാല്‍ യുപിയില്‍ ജീവിക്കുക ദുഷ്‌കരമാണ്. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നും പ്രിയങ്കഗാന്ധി ആരോപിച്ചു.
പ്രതികള്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ബലാത്സംഗത്തിന് ഇരയായ ഉന്നാവോയില്‍ 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം ആശുപത്രി സുപ്രണ്ട് സുനില്‍ ഗുപ്ത അറിയിച്ചത്. അതിനിടെ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ രംഗത്തെത്തി.
Discussion about this post