ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരാകാന്‍ അധികൃതരുടെ അനുമതി തേടി മലയാളി. പാലാ കുടക്കച്ചിറ സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരനുമായ നവീല്‍ ടോം ജോസ് കണ്ണാട്ട് ആണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തിയത്.
ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാണിച്ച് നവീല്‍ ഡല്‍ഹി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയില്‍ അയച്ചു. നിര്‍ഭയ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍മാര്‍ ഇല്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നവീലിന്റെ പ്രതികരണം.
പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാല്‍ വയനാട്ടിലെ ആദിവാസി മേഖലയില്‍ ആംബുലന്‍സ് വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നാണ് നവീല്‍ പറയുന്നത്.
സ്കാനിയ ബസും കണ്ടെയ്നര്‍ ലോറികളും ഓടിച്ചിരുന്ന നവീല്‍ നിര്‍ഭയ സംഭവം നടന്ന ഡല്‍ഹി വസന്ത് വിഹാര്‍ മഹിപാല്പൂരിലായിരുന്നു താമസം. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളില്‍ നേരത്തെ സേവനം ചെയ്തിരുന്നു.
രണ്ടു പെണ്മക്കളുടെ പിതാവ് കൂടിയാണ് നവീല്‍.
നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടിയത്. ആരാച്ചാര്‍മാരെ കിട്ടാനില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നവീല്‍ മുന്നോട്ടുവന്നിരിക്കുന്നത്.
Discussion about this post