ന്യൂഡൽഹി: തെലങ്കാനയിൽ യുവവെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തിൽ തെലങ്കാന സർക്കാറിന് നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. തെലങ്കാന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.
പോലീസ് ഏറ്റുമുട്ടലിനെ ന്യായീകരിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നതിനിടെയാണ് സർക്കാറിന് ഇക്കാര്യത്തിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. തെളിവെടുപ്പിനിടെ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നുമാണ് പോലീസ് ഭാഷ്യം.
നവംബർ 27ന് രാത്രിയാണ് നാല് പ്രതികളും സംഘം ചേർന്ന് വനിത ഡോക്ടറെ ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച് വഴിയരികിൽ കലുങ്കിനടിയിൽ തള്ളുകയായിരുന്നു. പ്രതികളെ പോലീസ് 24 മണിക്കൂറിനകം പിടികൂടിയിരുന്നു. ഇവരെ വെള്ളിയാഴ്ച പുലർച്ചെയാണ് പോലീസ് വെടിവെപ്പിൽ കൊലപ്പെടുത്തിയത്. ഡ്രൈവറും മുഖ്യപ്രതിയുമായ മുഹമ്മദ് അരീഫ് (24), ലോറി ക്ലീനർമാരായ ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുന്ത ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post