ന്യൂഡല്‍ഹി: ഹൈദരാബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തെലങ്കാന സര്‍ക്കാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ത് തുടര്‍നടപടികള്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക.
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമത്തിനോട് യോജിക്കാന്‍ കഴിയില്ല. എന്നാല്‍ സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. നാലുപേരും സംഭവസ്ഥലത്തു നിന്നു തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post