പൂനെ: വിവാഹവാഗ്ദാനം നൽകി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവിനെ പിടിച്ചുകൊണ്ടു വന്ന് നാട്ടുകാർ. ഇതിനിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഐസിയുവിലുമായി. ചികിത്സയിലിരിക്കുന്ന യുവതിയുടേയും പിടിച്ചുകൊണ്ടു വന്ന യുവാവിന്റേയും വിവാഹം നാട്ടുകാർ ഇടപെട്ട് നടത്തുകയും ചെയ്തു.
വ്യാഴാഴ്ച തികച്ചും വ്യത്യസ്തമായ ഒരു വിവാഹമാണ് മഹാരാഷ്ട്ര പൂനെയിലെ ഒരു ആശുപത്രിയിൽ വെച്ച് നടന്നത്. എന്നാൽ വിവാഹത്തിന് പിന്നാലെ വരൻ വീണ്ടും മുങ്ങിയതോടെ യുവതിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സൂരജ് നൽവാഡേ എന്ന യുവാവിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. യുവതി താഴ്ന്ന ജാതിയിൽ ഉള്ള ആളാണെന്നും വിവാഹം കഴിക്കാൻ പറ്റില്ലെന്നുമായിരുന്നു യുവാവിന്റെ നിലപാട്. നിരാശയിലായ യുവതി വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിലായി. ഇതോടെ നാട്ടുകാരും ബന്ധുക്കളും യുവാവിനെ ആശുപത്രിയിലെത്തിച്ച് യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
എന്നാൽ യുവാവ് വിവാഹശേഷം എല്ലാവരുടേയും കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. ഇതോടെ യുവതി പോലീസിൽ പരാതിയുമായെത്തി. ഇയാൾക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവംബർ 27നാണ് യുവതി ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിലായത്.
Discussion about this post