ന്യൂഡല്‍ഹി; ഇന്ന് രാജ്യം ഉണര്‍ന്നത് ഹൈദരബാദില്‍ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന വാര്‍ത്ത കേട്ടാണ്. 26കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. അതേസമയം സംഭവത്തിലെ പോലീസ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.
നിര്‍ഭയ പോലെ രാജ്യത്തിന്റെ മനസാക്ഷിക്ക് മുറിവേല്‍പ്പിച്ച ക്രൂരതയാണ് തെലങ്കാനയില്‍ കഴിഞ്ഞ ദിവസം നടന്നത്. കേസിലെ നാല് പ്രതികളെയും ഹൈദരാബാദ് പോലീസ് ഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, പോലീസിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഈ കൊടുംകുറ്റവാളികള്‍ ചെയ്ത ക്രൂരതയ്ക്ക് ഇതിലും അര്‍ഹിക്കുന്ന ശിക്ഷ മറ്റൊന്നില്ലെന്ന് പ്രമുഖരും സാധാരണക്കാരും ഒരു പോലെ പ്രതികരിക്കുന്നു. എന്നാല്‍ പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന് കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഓടിച്ചിട്ട് വെടിവെച്ചുകൊല്ലുന്നത് നീതി നടപ്പാക്കലാണോ എന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു.
സോഷ്യല്‍ മീഡിയ മുഴുവന്‍ ഇന്ന് ഈ പോലീസ് നീതിയുടെ ശരി തെറ്റുകള്‍ വിലയിരുത്തുകയാണ്. ആക്ഷന്‍ സിനിമകളില്‍ എല്ലാ വില്ലന്മാരേയും വധിച്ച് നെഞ്ചുവിരിച്ച് എത്തുന്ന നായകന്റെ പരിവേഷമായിരുന്നു പ്രതികളെ വധിച്ച പോലീസുകാര്‍ക്ക് ലഭിച്ചത്.
എടുത്തുയര്‍ത്തിയും പൂക്കള്‍ വര്ഷിച്ചുമൊക്കെയാണ് പോലീസുകാരെ ജനം വരവേറ്റത്. പോലീസുകാര്‍ മുതല്‍ സിനിമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും വരെ ഈ വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തി. ഇനി ഇവര്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് നമ്മുടെ നീതിപീഠം തീരുമാനിക്കട്ടെ.
Discussion about this post