ഹൈദരാബാദ്: യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെ അതേ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കമ്മീഷണർ വിസി സജ്ജനാർ മുമ്പും എൻകൗണ്ടർ നടത്തിയ ഉദ്യോഗസ്ഥൻ. ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ പ്രതികൾ നാല് പേരും കൊല്ലപ്പെട്ടതോടെ ജനങ്ങൾ വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് തേടുകയാണ്. ഇതിനിടെയാണ് ഈ എൻകൗണ്ടറിന് പിന്നിലും വി സി സജ്ജനാറാണെന്ന് തിരിച്ചറിയുന്നത്.
ഇതിനു മുമ്പും ഇത്തരത്തിൽ എൻകൗണ്ടർ നടത്തി ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സൈബരാബാദ് കമ്മീഷണറായ സജ്ജനാർ. 2008ൽ വാറങ്കൽ എസ്പിയായിരിക്കെ അദ്ദേഹം നടത്തിയ ഒരു എൻകൗണ്ടർ കൊലപാതകവും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. രണ്ട് യുവതികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പ്രതികളെയാണ് അന്ന് സജ്ജനാർ ഐപിഎസ് വെടിവെച്ച് കൊന്നത്. ഈ സംഭവത്തിന് പിന്നാലെ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ ‘ഹീറോ’ ആയിരുന്നു. അന്ന് നാടാകെ സ്വീകരണ പരിപാടികൾ ഒരുക്കിയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥനെ ആദരിച്ചത്.
2008ലെ ഈ ഏറ്റുമുട്ടൽ കൊലപാതകത്തിന് ശേഷം എൻകൗണ്ടർ പോലീസ് എന്ന പേരുവീണ അദ്ദേഹം അടുത്തതായി നടത്തിയത് ഒരു ‘സൈലന്റ് ഓപ്പറേഷ’നായിരുന്നു. 2009 മേയിൽ മാവോയിസ്റ്റുകളുടെ പ്രധാന താവളമായ വാറംഗലിലേക്ക് ജില്ലാ സൂപ്രണ്ടായി ചുമതല ഏറ്റെടുത്ത് എത്തിയ സജ്ജനാർ മാവോയിസ്റ്റ് വേട്ടയ്ക്കും തുടക്കമിട്ടു. അന്നത്തെ പ്രധാന മാവോയിസ്റ്റ് നേതാവായിരുന്ന പി സുധാകർ റെഡ്ഡിയെ ഏറ്റുമുട്ടലിൽ വധിച്ചത് ഇക്കാലത്തായിരുന്നു. മുൻ ആന്ധാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിനെ 2003ൽ കൊലപ്പെടുത്താൻ ശ്രമിച്ച് കുപ്രസിദ്ധി നേടിയ റെഡ്ഡിയെ കൊലപ്പെടുത്തിയതാകട്ടെ സജ്ജനാറിന്റെ സഹപ്രവർത്തകരും. ഈ കൊലപാതകത്തിലും സജ്ജനാറിന്റെ പേര് ഉയർന്നുകേട്ടിരുന്നു.
2008ലെ ആസിഡാക്രമണ കേസിലെ പ്രതികളെ കൊലപ്പെടുത്തിയ എൻകൗണ്ടറിന്റെ അതേ മാതൃകയിൽ തന്നെയാണ് ഇന്നലെ രാത്രി ഹൈദരാബാദ് കൊലപാതക കേസിലെ നാല് പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനായി എത്തിച്ച പ്രതികൾ പോലീസിന്റെ തോക്ക് പിടിച്ചുവാങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇതിനിടെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം. നാല് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. രാവിലെ 7.30യോടെയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നാലെ സോഷ്യൽമീഡിയയിൽ പോലീസുകാരെ അഭിനന്ദിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post