ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍. ‘അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു’ എന്നാണ് സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍ ന്യൂസ് 18 നോട് പറഞ്ഞത്.
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ 26കാരിയായ വെറ്റിനറിഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post