ന്യൂഡൽഹി: ഹൈദരാബാദിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരിച്ച് ഡൽഹിയിലെ നിർഭയയുടെ അമ്മ. പ്രതികളുടെ മരണവാർത്ത തന്റെ മുറിവിൽ മരുന്ന് പുരട്ടിയതു പോലെ ആശ്വാസം പകരുന്നതാണെന്ന് നിർഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. 2012 മുതൽ തന്നെ അലട്ടുന്ന മുറിവിന് ആശ്വാസമായെന്നാണ് രാജ്യത്തിന്റെ തന്നെ കണ്ണീരായ നിർഭയയുടെ അമ്മ പറയുന്നത്.
‘ഒരു മകൾക്കെങ്കിലും നീതി കിട്ടിയല്ലോ എന്നാണ് ഞാൻ ആശ്വസിക്കുന്നത്. പോലീസിനോട് നന്ദി പറയുകയാണ്. ഏഴ് വർഷത്തിലേറെയായി ഞാനെന്റെ മകൾക്ക് നീതി തേടി അലമുറയിടുകയാണ്. കുറ്റവാളികൾക്ക് തക്കശിക്ഷ ലഭിക്കാൻ നിയമം ലംഘിച്ചാണെങ്കിലും നടപടികൾ വേണം. എങ്കിൽ മാത്രമേ ഈ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കൂ. ഞാനിപ്പോഴും കോടതിയിൽ നീതിക്കായി അലയുകയാണ്. ഈ ജിസംബർ 13ാം തീയതിയും കോടതിയിൽ പോകേണ്ടതുണ്ട്.’- ആശാ ദേവി പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് ഹൈദരാബാദിൽ മൃഗഡോക്ടറെ കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് തെളിവെടുപ്പിനിടെ വെടിവെച്ച് കൊന്നത്. പ്രതികൾ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റ് വഴികളില്ലാതെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം.
Discussion about this post