ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രതിയും നാലുപേരും തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ബലാത്സംഗത്തിന് ഇരയായ 23 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹി സഫ്ദർജങ് ആശുപത്രിയിലെത്തിച്ച യുവതിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് എയർ ആംബുലൻസിൽ യുവതിയെ ചികിത്സയ്ക്കായി ഡൽഹിയിൽ എത്തിച്ചത്.
ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 90 ശതമാനത്തിൽ അധികം പൊള്ളലേറ്റ നിലയിലാണ് യുവതി. ഉന്നാവ് ആശുപത്രിയിലും പിന്നീട് ലഖ്നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ഡൽഹിയിലേക്ക് മാറ്റിയത്. കഴിഞ്ഞ മാർച്ചിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് തീകൊളുത്തിയത്.
മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചിലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
Discussion about this post