മൈസൂര്‍: ഒരു വ്യക്തിയെ നല്ല രീതിയിലും മോശം രീതിയിലും നടത്തുന്നതിലും അധ്യാപകര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാതാപിതാക്കളെക്കാള്‍ നാലിരട്ടി അതിനുള്ള ഇത്തരവാദിത്വം ഒരു അധ്യാപകന് മാത്രമായിരിക്കും. വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് വിവാദത്തില്‍പ്പെടുന്ന അധ്യാപകരാണ് അടുത്തിടെയായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു അധ്യാപകന്റെ നന്മയാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനാണ് ഈ അധ്യാപകന്.
സ്കൂളിലെ ശൗചാലയം വൃത്തിയാക്കികൊണ്ടാണ് വിദ്യാലയത്തിലെ സ്കൂള്‍ദിനം പ്രധാന അധ്യാപകന് ആരംഭിക്കുന്നത്. ഗുണ്ടല്‍പേട്ട് കാമരാജ്നഗര്‍ ജില്ലയിലെ ഹോഗനഹള്ളിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററായ ബി മഹദേശ്വര സ്വാമിയാണ് നന്മ നിറഞ്ഞ പ്രവര്‍ത്തിയിലൂടെ കുട്ടികളുടെയും നാട്ടുകാരുടെയും മറ്റും ബഹുമാനം പിടിച്ചു പറ്റുന്നത്.
സ്കൂളിലെ ശൗചാലയം വൃത്തിയാക്കിയ ശേഷം പൂന്തോട്ടം പരിപാലിക്കുന്നതിലേയ്ക്ക് കടക്കും. അതിന് ശേഷം ക്ളാസ്സ് റൂം വൃത്തിയാക്കുകയും ചെയ്യും. തന്റെ കുട്ടികള്‍ക്ക് വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം വേണമെന്ന് നിര്‍ബ്ബന്ധമുള്ള മഹദേശ്വര്‍ സ്വാമി ഓരോ കുട്ടിയും സ്കൂളില്‍ വൃത്തിയായിട്ടാണ് എത്തുന്നതെന്നും ഉറപ്പാക്കും. മഹദേശ്വര്‍ 1988 ല്‍ ആദ്യം ജോലി ചെയ്ത ബിആര്‍ ഹില്‍സിലെ ഡോ. എച്ച് സുദര്ശന് എന്ന ട്രൈബല്‍ സ്കൂളിലെ ആദ്യ ദിവസം മുതല്‍ തുടങ്ങിയ ഈ ചിട്ട പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്ക് കയറിയ സ്കൂളിലും പിന്തുടരുകയായിരുന്നു.
എട്ടു വര്‍ഷത്തോളമാണ് ട്രൈബല്‍ സ്കൂളില്‍ മഹദേശ്വര്‍ പഠിപ്പിച്ചത്. ആ ശീലം വ്യക്തിപരമായി വൃത്തിയായിരിക്കുന്നതിനൊപ്പം സമൂഹവും വൃത്തിയായിരിക്കാന്‍ തന്നെ പഠിപ്പിച്ചെന്നും പിന്നീട് 1994 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി ഇത്രയും നാള് തുടരുകയാണെന്നും പറഞ്ഞു. ആരോഗ്യജീവിതം തുടരുന്നതിന് നമ്മള് ഉപയോഗിക്കുന്ന ശുചിമുറി ഉള്‍പ്പെടെയുള്ള ഇടം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണെന്നും എത്രകാലം പോകുന്നോ അത്രയും തുടരുമെന്നും ഇദ്ദേഹം പറയുന്നു. ഇതിനൊപ്പം തന്റെ വിദ്യാര്‍ത്ഥികള്‍ വൃത്തിയോടും അച്ചടക്കത്തോടുമാണ് വളരുന്നതെന്ന് ഈ പ്രധാന അധ്യാപകന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ 121 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ കയ്യില്‍ നിന്നും പണം മുടക്കി ഒരു ലൈബ്രറിയും കളിക്കാന്‍ ഒരു പൂന്തോട്ടവും മഹദേശ്വര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും വൃത്തിയോടും വെടിപ്പോടുമാണ് വരുന്നതെന്നും അവരുടെ പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും മികച്ചതാണെന്ന് ഈ അധ്യാപകന് ഉറപ്പുവരുത്തുമെന്നതാണ് മഹദേശ്വരയെ വ്യത്യസ്തമാക്കുന്നതെന്നും അവര്‍ പറയുന്നു.
Discussion about this post