ന്യൂഡൽഹി: ഇനി രാജ്യത്ത് ജനപ്രതിനിധി സഭകളിൽ ആംഗ്ലോ ഇന്ത്യൻ സംവരണമുണ്ടാകില്ല. ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കാൻ തീരുമാനമായി. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനുള്ള സംവരണം പത്തു വർഷത്തേയ്ക്കു കൂടി നീട്ടുന്നതിനുള്ള ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും പട്ടിജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള സംവരണം ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ സുപ്രധാന തീരുമാനം. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ലോക്സഭയിലെ സംവരണം എടുത്തുകളയുന്നതെന്നാണ് റിപ്പോർട്ട്. ലോക്സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉണ്ടാവില്ല.
543 സീറ്റുകളിൽ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവർഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിനു പുറമെയാണ് ലോക്സഭയിൽ രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികക്ക് പ്രാതിനിധ്യമുണ്ടായിരുന്നത്.