ഹൈദരാബാദ്: യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.
യുവ ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി, മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയത്. എന്നാല്‍ മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ അത് സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടര്‍ന്നാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് മാറ്റി.
യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ആറുമാസത്തിനകം തൂക്കിക്കൊല്ലണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. സംഭവത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ പോകാനും വിവാഹത്തില്‍ പങ്കെടുക്കാനും സമയമുള്ള മുഖ്യമന്ത്രിക്ക് ഇതുവരെ കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും തൃപ്തി കുറ്റപ്പെടുത്തി. കേസ് അന്വേഷണത്തില്‍ കാര്യക്ഷമതയില്ല. യുവതിയെ കാണാനില്ലെന്ന പരാതിയിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്നും തൃപ്തി ആരോപിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.