മേട്ടുപ്പാളയം: അവരുടെ മൃതശരീരം കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യും. അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്…? മേട്ടുപ്പാളയത്ത് മതില് ഇടിഞ്ഞ് വീണ് മരണപ്പെട്ട കുട്ടികളുടെ പിതാവ് സെല്‍വരാജിന്റെ വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസമാണ് കനത്ത മഴയില്‍ ജാതിയുടെ പേര് പറഞ്ഞ് പടുത്തുയര്‍ത്തിയ കൂറ്റന്‍ മതില് ഇടിഞ്ഞു വീണത്. സ്ഥലത്തെ ദളിതരെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ് മതില് ഉയര്‍ത്തിയത്.
നിവേദ (18) രാമനാഥന് (15) എന്നീ കുട്ടികളാണ് തകര്‍ന്ന് വീണ മതിലിനടിയില്‍ പെട്ട് മരണപ്പെട്ടത്. ഈ മതില് തകര്‍ന്നു വീണ് സമീപത്തെ നാലു വീടുകളില്‍ നിന്നായി 17 പേരുടെ ജീവനാണ് പൊലിഞ്ഞത്. സെല്‍വരാജിന്റെ ഭാര്യ ലക്ഷ്മി നേരത്തെ മരണപ്പെട്ടതാണ്. തുണയായി രണ്ട് മക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഈ രണ്ട് മക്കളെയും കൂടി സെല്‍വരാജിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ ജീവിതത്തില്‍ ഒന്നുമില്ലാതെ സെല്‍വരാജ് ഒറ്റപ്പെട്ടവനായി മാറി.
കോയമ്പത്തൂരിലെ നാടൂര്‍ ഗ്രാമത്തിലെ ഒരു ചായക്കടയില്‍ ജോലി ചെയ്യുന്ന സെല്‍വ രാജിന്റെ രണ്ടു മക്കളും ഇവരുടെ ബന്ധുവായ ശിവകാമിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീടിനു മേലേക്ക് ഞാറാഴ്ചയുണ്ടായ കനത്ത മഴയില്‍ കൂറ്റന്‍ മതില് തകര്‍ന്നു വീഴുകയായിരുന്നു. അപകട സമയത്ത് ഇരുവരും ഉറങ്ങുകയായിരുന്നു.
Discussion about this post