ചെന്നൈ: വിവാദ ആൾദൈവം ഗുരു നിത്യാനന്ദ ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയത് എവിടേക്കാണ് എന്ന് അറിയില്ലെങ്കിലും അമേരിക്കയുടെ സമീപ രാജ്യമായ ഇക്വാഡോറിനടുത്ത് സ്വന്തമായി ഒരു രാജ്യം സ്ഥാപിച്ചതിന് തെളിവുകൾ ലഭിച്ചു. അവിടെ ഒരു ദ്വീപ് സ്വന്തമായി വാങ്ങി ഒരു രാജ്യം തന്നെ സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ എന്നാണ് വിവരം. പാസ്പോർട്ടില്ലാതെ രാജ്യം വിട്ട നിത്യാനന്ദ സ്വന്തമായി പാസ്പോർട്ടുള്ള ഒരു രാജ്യം തന്നെ സ്വന്തമാക്കിയെന്നത് ശ്രദ്ധേയമായിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ വിശദവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും കൈലാസ രാജ്യത്തിനായുള്ള പ്രത്യേക വെബ്സൈറ്റിലൂടെയും നിത്യാനന്ദ തന്നെ പുറത്തു വിട്ടു.
2018 സെപ്റ്റംബറിൽ അവസാനിച്ചതാണു വിവാദ ആൾദൈവം നിത്യാനന്ദയുടെ ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി. ഇതിനു പിന്നാലെ 2018 അവസാനത്തോടെ നിത്യാനന്ദ രാജ്യം വിട്ടെന്നാണ് വിവരം. പാസ്പോർട്ട് പുതുക്കി നൽകണമെന്ന ആവശ്യം കർണാടക പോലീസ് തള്ളിയിരുന്നു. ഇയാൾ വിദേശത്താണെന്ന് സൂചനകൾ ലഭിച്ചതോടെ വ്യാജപാസ്പോർട്ടിൽ രാജ്യം വിട്ടെന്നാണ് സൂചന.
മധ്യ ലാറ്റിനമേരിക്കയിലെ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിക്കഴിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങൾ പറയുന്നത്. ഇതൊരു രാജ്യമായി പ്രഖ്യാപിച്ച് കൈലാസ എന്ന പേരുമിട്ട് ‘ഭക്തരിൽ’ നിന്ന് സംഭാവനയും നിത്യാനന്ദ സ്വീകരിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രത്തിലേക്കു സ്വാഗതമെന്ന് പറഞ്ഞാണ് പണപിരിവ്. ഇന്ത്യയിലെ ആശ്രമത്തിൽ നിത്യാനന്ദയ്ക്ക് തുലാഭാരം നടത്താനായി ഭക്തർ എത്തിച്ച 6 ടൺ സ്വർണ്ണം ഈ രാജ്യത്തിനായി ചെലവഴിച്ചെന്നാണ് വിവരം. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് രാജ്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും രാജ്യത്തിനായി നിർമ്മിച്ച വെബ്സൈറ്റിൽ നിത്യാനന്ദ പറയുന്നു. യുഎസിലെ ഒരു നിയമോപദേശ കമ്പനിയുമായി ചേർന്ന് ‘കൈലാസ’ ദ്വീപിനെ രാജ്യമായി പ്രഖ്യാപിക്കാനുള്ള അപേക്ഷ ഐക്യരാഷ്ട്ര സംഘടനയിൽ നിത്യാനന്ദ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൗജന്യ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി ഗുരുകുല സമ്പ്രദായം വരെയുള്ള രാജ്യമായിരിക്കും കൈലാസ എന്ന ഈ ദ്വീപ് രാജ്യം. അതിരുകളില്ലാത്ത രാജ്യമായിരിക്കും ഇത്. ലക്ഷ്യമിടുന്നത് ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയാണ്, അതും സ്വന്തം രാജ്യത്ത് ഹിന്ദുമത പ്രകാരം ജീവിക്കാനുള്ള എല്ലാ ‘അവകാശങ്ങളും’ നഷ്ടപ്പെട്ടവരെയാണ് ക്ഷണിക്കുന്നതെന്ന് നിത്യാനന്ദ പറയുന്നു. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. ജാതി, ലിംഗം, പ്രദേശം, വിഭാഗം ഒന്നിന്റെയും തരംതിരിവില്ലാതെ ഭക്തർക്ക് കൈലാസത്തിലേക്കു സ്വാഗതമെന്നും വെബ്സൈറ്റ് പറയുന്നു. ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ നിന്ന് പണം സ്വീകരിക്കാൻ ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ് ബാങ്കും ഈ രാജ്യത്ത് നിത്യാനന്ദ ഒരുക്കുന്നുണ്ട്. ഇതുവഴിയാണ് സംഭാവന സ്വീകരിക്കുന്നത്. ക്രിപ്റ്റോകറൻസി വഴിയായിരിക്കും ഇടപാടുകളെന്നാണ് വിവരം. രാജ്യത്ത് നിത്യാനന്ദ ടിവി, ഹിന്ദുയിസം നൗ എന്നീ ചാനലുകളും നിത്യാനന്ദ ടൈംസ് എന്ന പത്രവും ലഭിക്കും.
ആർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കാം. സ്വന്തം ആധ്യാത്മികജീവിതം ആസ്വദിക്കാം. സ്വന്തം കലയും സംസ്കാരവും പ്രകടമാക്കാം. ആരും ഇടപെടാൻ ഉണ്ടാകില്ല. അക്രമത്തിന് കൈലാസത്തിൽ സ്ഥാനമില്ലെന്നും https://kailaasa.org എന്ന വെബ് അഡ്രസിലുള്ള വെബ്സൈറ്റിൽ പറയുന്നു. അതേസമയം, കൈലാസം എന്ന ഈ രാജ്യം എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്. 2018 ഒക്ടോബറിലാണ് നിത്യാനന്ദയുടെ രാജ്യത്തിന്റെ വെബ്സൈറ്റ് രൂപീകരിച്ചിരിക്കുന്നത്. പനാമയിലെ രജിസ്റ്റർ ചെയ്ത ഈ സൈറ്റിന്റെ ഐപി അമേരിക്കയിലെ ഡാലസിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2019 ഒക്ടോബറിൽ സൈറ്റിൽ ഏറ്റവും ഒടുവിലായി അപ്ഡേഷനും ഉണ്ടായിട്ടുണ്ട്.
ബലാത്സംഗക്കേസും കുട്ടികളെ തട്ടിക്കൊണ്ടു പോയി അനധികൃത തടവിൽ വച്ചെന്നുള്ള കേസും നിലനിൽക്കുന്നതിനിടെയാണ് നിത്യാനന്ദ അപ്രത്യക്ഷനായത്. ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പോലീസ് കഴിഞ്ഞ മാസം റിപ്പോർട്ട് നൽകുകയായിരുന്നു. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, സ്വന്തമായി രാജ്യമൊക്കെയുണ്ട് എങ്കിലും നിത്യാനന്ദ ഇന്ത്യയിൽ കാലുകുത്തിയാൽ അറസ്റ്റും ജയിലും ഉറപ്പാണ്. സഹോദരിമാരായ രണ്ട് പെൺകുട്ടികളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന ദമ്പതിമാരുടെ പരാതിയിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ വെയ്ക്കൽ എന്നീ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഇയാളുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീപേരുകളിലുള്ള രണ്ട് അനുനായികൾ റിമാന്റിലാണ്.
തമിഴ്നാട് സ്വദേശിയായ രാജശേഖരൻ എന്ന പേരുള്ള നിത്യാനന്ദ 2000ൽ ബംഗളൂരുവിൽ ആശ്രമം സ്ഥാപിച്ചാണ് വിവാദ ആത്മീയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യൻ നടിക്ക് ഒപ്പമുള്ള രഹസ്യ വീഡിയോ പുറത്തായതോടെ 2010ൽ ഇയാൾ വിവാദങ്ങളുടെ തോഴനായി മാറി. നിരവധി ബലാത്സംഗക്കേസുകളും ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. ഇപ്പോഴും എവിടെയാണ് നിത്യാനന്ദ എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post